വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന മാധ്യമ സൃഷ്ടികള്‍ക്കായി കേരള നിയമസഭ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന്റെ 2020 വര്‍ഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ആര്‍.ശങ്കരനാരായണന്‍ തമ്പി, ഇ.കെ.നായനാര്‍, ജി.കാര്‍ത്തികേയന്‍ എന്നിവരുടെ പേരിലുള്ളതാണ് അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും.
ആര്‍.ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് അച്ചടി മാധ്യമ വിഭാഗത്തില്‍ രാഷ്ട്രദീപികയിലെ റെജി ജോസഫ് അര്‍ഹനായി. ഗോത്രമക്കള്‍ക്ക് പുതിയ പാഠങ്ങള്‍ എന്ന സൃഷ്ടിക്കാണ് പുരസ്‌കാരം. ദൃശ്യ മാധ്യമ വിഭാഗത്തില്‍ കൈരളി ന്യൂസിലെ ബിജു മുത്തത്തിക്കാണ് അവാര്‍ഡ്. കേരള എക്സ്പ്രസ്-നിഴല്‍ ജീവിതം എന്ന പരിപാടിക്കാണ് അവാര്‍ഡ്.
ഇ.കെ.നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് അച്ചടി മാധ്യമ വിഭാഗത്തില്‍ സമകാലിക മലയാളം വാരികയിലെ പി.എസ്.റംഷാദിനാണ്. മുസ്ലിം ആണ്‍കുട്ടികള്‍ പഠിച്ച് മതിയായോ എന്ന ലേഖനത്തിനാണ് പുരസ്‌കാരം. അച്ചടി വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ദീപികയിലെ റിച്ചാര്‍ഡ് ജോസഫിനാണ് സ്‌ക്രീനില്‍ കുരുങ്ങുന്ന കുട്ടികള്‍ എന്ന ലേഖന പരമ്പരക്കാണ് പുരസ്‌കാരം. ദൃശ്യ മാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ്‌കുമാറിനാണ് പുരസ്‌കാരം. സംസ്ഥാനത്ത് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അണ്ഡവില്‍പനാ റാക്കറ്റിനെക്കുറിച്ചുള്ള പരമ്പരക്കാണ് അവാര്‍ഡ്. ദൃശ്യമാധ്യമ വിഭാഗത്തില്‍ പ്രത്യേക ജൂറി പരമാര്‍ശം ജീവന്‍ ടി.വിയിലെ സുബിത സുകുമാറിനാണ്. വികസനത്തിന്റെ മായക്കാഴ്ചകളില്‍ ഒരു ചേരിക്കാഴ്ച (ഡോക്യുമെന്ററി)യ്ക്കാണ് പുരസ്‌കാരം.
ജി.കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് അച്ചടി മാധ്യമ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം മെട്രോവാര്‍ത്തയിലെ എം.ബി.സന്തോഷിനാണ്. ജനാധിപത്യ ശ്രീകോവിലിലെ വേറിട്ട കാഴ്ചകള്‍ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസിലെ ആര്‍.ശ്രീജിത്തിനാണ് പുരസ്‌കാരം. ലോ മേക്കിംഗ് എക്സര്‍സൈസസ് എന്ന പരിപാടിക്കാണ് പുരസ്‌കാരം.