ക്രൈംബ്രാഞ്ചിനും വിജിലൻസിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും : മുഖ്യമന്ത്രി
അഡ്മിൻ
ക്രൈംബ്രാഞ്ചിനും വിജിലൻസിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ ക്രൈംബ്രാഞ്ച് ആസ്ഥാന മന്ദിരത്തിന്റെയും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസുകളുടെയും ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏത് കേസുകളും കൃത്യമായ തെളിവുകളുടെ സഹായത്തോടെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും കുറ്റവാളിക്ക് അർഹമായ പരമാവധി ശിക്ഷ വാങ്ങികൊടുക്കുന്നതിനും ക്രൈംബ്രാഞ്ചിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ചിന്റെകാര്യക്ഷമത വർദ്ധിപ്പിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു. ക്രൈംബ്രാഞ്ച് പുന:സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നടത്തി. ഇവയെല്ലാം ഫലം കാണുന്നു. തെളിയാതെ കിടന്ന കാലപ്പഴക്കമുള്ള പല കേസുകളും ക്രൈംബ്രാഞ്ച് തെളിയിച്ചു. വിജിലൻസ് വകുപ്പിന് സ്വതന്ത്ര പ്രവർത്തനത്തിന് എല്ലാ സാഹചര്യങ്ങളും ഒരുക്കി. വിജിലൻസിന്റെ കാര്യക്ഷമമായ പ്രവർത്തനം അഴിമതി വളരെയേറെ കുറച്ചു. പരാതി നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിച്ച് സോഫ്റ്റ് വെയർ സഹായത്തോടെ പരാതിനൽകാൻ പ്രഖ്യാപിച്ച അഴിമതി മുക്ത കേരളം പദ്ധതി വരുന്നതോടെ സർക്കാർ രംഗത്തെയും പൊതുരംഗത്തെയും അഴിമതി തുടച്ച് നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്ര സാങ്കേതിക രംഗത്തെ വികാസം പ്രയോജനപ്പെടുത്തി കുറ്റകൃത്യങ്ങളും അഴിമതിയും തടയാനാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
28 കോടി രൂപ ചെലവിലാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. നാല് നിലകളിലായി 34,500 ചതുരശ്ര അടിയിലാണ് ക്രൈംബ്രാഞ്ച് കോംപ്ലക്സ് ഒരുങ്ങുന്നത്. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിൽ ലൈബ്രറിയും ക്രൈംബ്രാഞ്ച് മ്യൂസിയവും ഉണ്ടാകും. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അഞ്ച് ഓഫീസുകൾക്കായാണ് വിജിലൻസ് കോംപ്ലക്‌സ് വരുന്നത്. അഞ്ച് നിലകളിലായി 75,000 ചതുരശ്ര അടിയിലാണ് കോംപ്ലക്‌സ്. ആദ്യഘട്ടത്തിൽ 9.85 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് നടക്കുക.
ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ, കൗൺസിലർ സുധീർ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, പി.ഡബ്ലു.ഡി ചീഫ് എൻജിനിയർ ഹൈജീൻ ആൽബെർട്ട്, വിജിലൻസ് അഡി. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ഡി ബാബു, ഐ.ജി മാരായ ഗോപേഷ് അഗർവാൾ, എച്ച്.വെങ്കിടേഷ്, എസ്.പി ഹരി ശങ്കർ എന്നിവർ പങ്കെടുത്തു.