കേരളത്തിലേക്ക് ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിൻ ഇന്ന് എത്തുന്നു

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളത്തിൽ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെത്തും. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നു 4,33,500 ഡോസ് കോവിഷീൽഡ് വാക്സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുന്നത്.

പുണെയിലെ പ്ലാന്റിൽ നിന്ന് ഇന്നു 2 ന് കൊച്ചിയിലേക്കു വാക്സീനുമായി വിമാനം പുറപ്പെടുമെന്നാണു വിവരം. വൈകിട്ട് 6 ന് ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് വാക്സീൻ എത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്സീൻ എത്തുന്നത്.

തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സീനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സീനിൽ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.

13-Jan-2021