കർഷകസമരം: സുപ്രീംകോടതി നിയോഗിച്ച സമിതി മുമ്പാകെ ഹാജരാകില്ല: കർഷക സംഘടനകൾ
അഡ്മിൻ
മോദി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല കാർഷികനിയമങ്ങൾ സുപ്രീംകോടതി താൽകാലികമായി സ്റ്റേ ചെയ്‌തെങ്കിലും നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്ന് കർഷക സംഘടനകൾ. നിയമങ്ങൾ താൽകാലികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കർഷകസമരത്തിന് നേതൃത്വം നൽകുന്ന അഖിലേന്ത്യാ കിസാൻസംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന നിലപാടിൽ മാറ്റമില്ല. സുപ്രീംകോടതി നിയോഗിച്ച സമിതി മുമ്പാകെ കർഷകസംഘടനകൾ ഹാജരാകില്ല. സമിതി അംഗങ്ങൾ എല്ലാവരും കാർഷിക നിയമങ്ങളെ പിന്തുണച്ചവരാണ്. സമിതി രൂപീകരണത്തിൽ പോലും സുപ്രീംകോടതിയെ വിവിധ കേന്ദ്രങ്ങൾ തെറ്റിദ്ധരിപ്പിച്ചുവെന്നതിന് ഉദാഹരണമാണിത്.
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തുള്ള ഉത്തരവ് ഒരു ഇടക്കാല നടപടിയെന്ന നിലയിൽ സ്വാഗതാർഹമാണ്. എന്നാൽ അതൊരു പരിഹാരമല്ല. കർഷകസംഘടനകൾ ആവശ്യപ്പെടുന്നതും ഇത്തരമൊരു പരിഹാരമല്ല. കാരണം നിയമങ്ങൾ എപ്പോൾ വേണമെങ്കിലും പുനസ്ഥാപിക്കാനാകും. സർക്കാർ നിയമങ്ങൾ പൂർണമായും പിൻവലിക്കുകയാണ് വേണ്ടത്. കർഷകരും ജനങ്ങളും നിയമങ്ങളെ എതിർക്കുകയാണെന്ന തിരിച്ചറിവ് സർക്കാരിനുണ്ടാകണം.
സുപ്രീംകോടതി സ്വന്തം നിലയ്ക്ക് സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സമിതി പ്രക്രിയകളിൽ പങ്കാളികളാകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ്. മാത്രമല്ല സമിതി രൂപീകരണത്തിലൂടെ കർഷകസംഘടനകൾ ഉയർത്തിയ ആശങ്കകൾ സാധൂകരിക്കപ്പെടുകയാണ്. സമിതി അംഗങ്ങൾ എല്ലാവരും തന്നെ നിയമങ്ങളെ പരസ്യമായി പിന്തുണച്ചവരും നിയമങ്ങൾക്കായി വാദിച്ചവരുമാണ്. നേരത്തെ സർക്കാർ മുന്നോട്ടുവെച്ച സമിതി നിർദേശവും കർഷക സംഘടനകൾ നിരാകരിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ നയങ്ങൾ, നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ചർച്ചാപ്രകിയ.
കാർഷികോൽപ്പാദനം, സംസ്‌ക്കരണം, വിപണനം എന്നീ മേഖലകളിൽ കോർപ്പറേറ്റ് നിയന്ത്രണത്തിന് വഴിവെയ്ക്കുന്നതാണ് നിയമങ്ങളെന്ന് കർഷകസംഘടനകൾ സർക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൃഷിചെലവ് കൂട്ടുകയും, കടബാധ്യത വർധിപ്പിക്കുകയും, ഉൽപ്പന്നവില ഇടിക്കുകയും, കൃഷിനഷ്ടം വർധിപ്പിക്കുകയും സർക്കാർ സംഭരണം കുറയ്ക്കുകയും പിഡിഎസ് ഇല്ലാതാക്കുകയും ഭക്ഷണചെലവ് വർധിപ്പിക്കുകയും കർഷക അത്മഹത്യകളും പട്ടിണി മരണങ്ങളും കൂട്ടുകയും കൃഷി ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യും. ഈ വസ്തുതകളെ ജനങ്ങളിൽ നിന്നും കോടതികളിൽ നിന്നും മറച്ചുവെയ്ക്കാനാണ് സർക്കാരിന്റെ ശ്രമം-- കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.