ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് ; 231 വോട്ടിന് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെൻറ് പ്രമേയം പാസായി. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 231 പേർ പ്രമേയത്തെ അനുകൂലിച്ചു. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ എതിർത്ത് വോട്ട് ചെയ്തു.

അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡൻറിനെ രണ്ട് തവണ ഇംപീച്ച് ചെയ്യുന്നത്.കാപിറ്റോൾ ഹാളിൽ നടന്ന അക്രമണത്തിന് പ്രേരണ നൽകിയതിനാണ് നടപടി. ജോ ബൈഡൻറെ വിജയം അംഗീകരിക്കാനായി ചേർന്ന പാർലമെൻറെ സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.

യു. എസ് പ്രസിഡൻറായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഇംപീച്ച്‌മെൻറ് നടപടികൾക്ക് തുടക്കമാവുന്നത്. ജനുവരി 20 നാണ് ബൈഡൻ യു.എസ് പ്രസിഡൻറായി സ്ഥാനമേൽക്കുന്നത്.ഭരണഘടനയുടെ 25ാം വകുപ്പ് ഉപയോഗിച്ച് ട്രംപിനെ നീക്കണമെന്ന ആവശ്യം നേരത്തെ ഡെമോക്രാറ്റുകൾ വൈസ് പ്രസിഡൻറ് മൈക്ക് പെൻസിൻറെ മുമ്പിൽ വെച്ചിരുന്നു.

പെൻസ് ഇതിന് തയ്യാറാകാതായതോടെയാണ് ഇംപീച്ച്‌മെൻറ് നടപടികളിലേക്ക് കടന്നത്. മുമ്പ്, 2019 ഡിസംബറിലും ട്രംപിനെതിരെ ഇംപീച്ച്മെൻറ് നടപടികളിലേക്ക് ഡെമോക്രാറ്റുകൾ ശ്രമിച്ചിരുന്നു. എന്നാൽ 2020 ഫെബ്രുവരിയിൽ റിപ്പബ്ലിക്കന്മാർക്ക് മേധാവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തമാക്കുകയായിരുന്നു.

14-Jan-2021