പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ ഭരണകാലത്തെ അവസാന ബജറ്റ് ഇന്ന്. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാവും ബജറ്റിലുണ്ടാകുക. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നതിനിടെയാണ് ധനമന്ത്രി ജനപ്രിയ ബജറ്റ് അവതരിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം.
തനത് നികുതി വരുമാനത്തിലും വന്‍കുറവുണ്ടാകുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയെന്തുണ്ടാകുമെന്നതാണ് പ്രധാനം. പ്രകൃതി ദുരന്തങ്ങളും കോവിഡും സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നത്.
വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടവും സംസ്ഥാനത്തിന്റെ കടബാധ്യതയും വര്‍ധിക്കുകയും ചെയ്തു.കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതായിരിക്കും ബജറ്റെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വായ്പയെടുക്കുകയെന്നതാകും ഇതിനുള്ള ഏക പോംവഴി. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റായതിനാല്‍ നികുതി വര്‍ദ്ധിപ്പിക്കില്ല.
ഓരോ വര്‍ഷവും ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചുവെങ്കിലും ഇത്തവണ അതുണ്ടാകില്ല. വാഹന നികുതിയില്‍ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ ടൂറിസം മേഖലയ്ക്കായി പുതിയ പദ്ധതികള്‍ ബജറ്റിലുണ്ടാകും.