കർഷക സമരം 52ാം ദിവസത്തിലേക്ക്; കേന്ദ്രവുമായി ഇന്ന് വീണ്ടും ചർച്ച

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ കർഷകർ നടത്തിവരുന്ന സമരം അൻപത്തി രണ്ടാം ദിവസത്തിലേക്ക് കടന്നു. നിയമങ്ങൾ നടപ്പാക്കുന്നതു മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കേ, സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസർക്കാർ നിർണായക ചർച്ച നടത്തും.

ഇതിനിടെ, നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും മറ്റും ഡൽഹിക്കു തിരിച്ചു. കർഷകരുമായി കേന്ദ്രം എട്ടു തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഫലപ്രദമായ ചർച്ച നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ മാധ്യമങ്ങളോടു പറഞ്ഞു.

കർഷകനേതാക്കളുമായി തുറന്ന മനസ്സോടെ ചർച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുക്കുമെന്ന് കർഷകനേതാക്കളും അറിയിച്ചു.

15-Jan-2021