സർവ്വകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി, കെ ഫോൺ പദ്ധതി ഫെബ്രുവരിയിൽ

ഇടതുപക്ഷ സര്‍ക്കാരിൻ്റെ ഈ ഭരണകാലത്തെ അവസാന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിക്കുന്നത്. പാലക്കാട് കുഴൽമന്ദത്തെ ഏഴാം ക്ലാസുകാരി സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം വളരെ അത്ഭുതത്തോടെയാണ് കണ്ടത്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു.കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമെമ്പാടും അറിഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി.ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

സർവ്വകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി നൽകും. സർവ്വകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കും . ആയിരം തസ്തികകളും അധികമായി സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസമേഖലയിൽ 5 ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠന സൗകര്യം ഉണ്ടാക്കും.

കെ ഫോൺ പദ്ധതി ഫെബ്രുവരിയിൽ തുടങ്ങും. 14 ജില്ലകളിൽ 600 ഓഫീസുകൾ. ഇന്റർനെറ്റ് വിതരണത്തിന് കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും. കെ ഫോൺ പദ്ധതിക്ക് 166 കോടി രൂപ കൂടി വകയിരുത്തി.

എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി നൽകും. ജോലിക്ക് ആവശ്യമുള്ള കമ്പ്യൂട്ടർ അടക്കം വാങ്ങുന്നതിന് സർക്കാർ വായ്പ നൽകും. വായ്പ രണ്ടുവർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചതിനുശേഷം വായ്പ തിരിച്ചടക്കാം. 2020 ഫെബ്രുവരിയിൽ ഇതിന്റെ രജിസ്ട്രേഷൻ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കോവിഡ് തൊഴിൽ ഘടന അടിമുടി പൊളിച്ചെഴുതി എന്ന് ധനമന്ത്രി നിരീക്ഷിച്ചു. ഇപ്പോൾ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നതാണ് ഫാഷൻ. അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് തൊഴിൽ ലഭ്യമാക്കുക.

ഷെയർ ഡിജിറ്റൽ പ്ലാറ്റഫോം വഴി സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ലഭ്യമാക്കും. കമ്പനികൾക്ക് കേന്ദ്രീകൃതമായോ വികേന്ദ്രീകൃതമായോ ജോലിക്കാരെ തിരഞ്ഞെടുക്കാം.

സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ ബൃഹദ് പദ്ധതി. വര്‍ക്ക് ഫ്രം ഹോം വഴി ജോലിയെടുക്കാൻ സന്നദ്ധരായവരുടെ ഡേറ്റാബേസ് തയ്യാറാക്കും. ഇങ്ങനെ ജോലി ലഭിക്കുന്നവര്‍ക്ക് കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വഴി ലാപ്ടോപ് ഉള്‍പ്പെടെ ലഭ്യമാക്കാൻ വായ്പ. ആരോഗ്യഇൻഷുറൻസ്, പിഎഫ് തുടങ്ങിയവ ലഭ്യമാക്കും.

സൂക്ഷ്മ - ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ എണ്ണം 2015-16ൽ 82000 ആയിരുന്നത് കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം 1.4 ലക്ഷമായി ഉയര്‍ന്നു.എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി വര്‍ധിപ്പിച്ചിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് ഏപ്രിൽ മാസം മുതൽ നിലവിൽ വരും. എല്ലാ വീടുകളിലും ഒരു ലാപ്ടോപ്പ് എങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തും. ബിപിഎൽ വിഭാഗത്തിന് സബ്സീഡിയോടെ ലാപ്ടോപ്പ് അനുവദിക്കും.

15-Jan-2021