കേരളത്തില്‍ 111 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു
അഡ്മിൻ
സംസ്ഥാന സർക്കാരിൻ്റെ അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ കേരളത്തിലെ സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രധാന നേട്ടമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കേരളത്തിലെ 111 പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടത്തോടനുബന്ധിച്ച് നന്തിക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി നിർവ്വഹിച്ചത്. 113 വർഷങ്ങൾ പിന്നിട്ട നന്തിക്കര ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പുതിയ കെട്ടിടം കിഫ്ബി ഫണ്ടിൽ നിന്നും 5.30 കോടി രൂപ ചിലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി 24,000 ചതുരശ്ര അടിയിൽ പൂർത്തീകരിച്ച സ്കൂൾ കെട്ടിടത്തിൽ മൂന്ന് നിലകളിലായി ഇൻ്റർനാഷ്ണൽ നിലവാരത്തിലുള്ള ലൈബ്രറി റീഡിംഗ്റൂമുകളും, ഹൈടെക് ലാബുകൾ, 27 ക്ലാസ്സ് മുറികളുമാണ് ഉള്ളത്.
കൂടാതെ മ്യൂസിക് റൂം, ലാങ്ക്വേജ് ലാബ്, ഗേൾസ് റൂം, വിസിറ്റേഴ്സ് റൂം തുടങ്ങിയ സ്വകര്യങ്ങളും ഉണ്ട്. നിലവിൽ 1500ലേറെ വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ക്ലാസ്സുകൾ ഡിജിറ്റലൈസ്ഡ് ആക്കുന്നതിൻ്റെ ഭാഗമായി ഡിജിറ്റൽ ക്ലാസ് ബോർഡും, സ്മാർട്ട് ടി.വി യും, ഓഡിയോ - വിഷ്വൽ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗ്രന്ഥശേഖരണത്തിനായി ലിറ്റിൽ മോമ്സ് ഹോണസ്റ്റി ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ കുട്ടികൾക്ക് സ്വയമായി ആവശ്യമായ ബുക്കുകൾ തിരഞ്ഞെടുക്കുന്നതിനും ബുക്കിന് നൽകേണ്ട തുക സ്വയം നിക്ഷേപിക്കുന്നതിനും സാധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സ്കൂളിൽ നിന്നും വിരമിച്ച നാല് അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് 'കരഘോഷം നന്തിധ്വനി' എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ പത്രവും മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ ധനകാര്യവകുപ്പ് മന്ത്രി ടി. എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.