കേരളത്തിൽ ഇടതുപക്ഷ തുടര്‍ഭരണം ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു: എ. വിജയരാഘവൻ

കേരളത്തിൽ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കേരളത്തില്‍ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ഉള്ള കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിരിക്കുകയാണെന്നും എന്നാൽ, കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഇടതുപക്ഷം ഭരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം കോണ്‍ഗ്രസും ബി.ജെ.പിയും മുസ്‌ലിം മതമൗലിക സംഘടനകളും ഒന്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ പ്രതിപക്ഷത്തിനില്ല. ഇതുവരെ ഉയര്‍ത്തിക്കൊണ്ട് വന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. അതുകൊണ്ടുതന്നെ സര്‍ക്കാരിന് തുടര്‍ഭരണം കിട്ടാതിരിക്കാന്‍ കള്ളപ്രചരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് എല്ലാവരുമെന്ന് വിജയരാഘവന്‍ കൂട്ടിച്ചേർത്തു.

 

09-Feb-2021