അധിക സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; യു.ഡി.എഫിൽ പ്രതിസന്ധി
അഡ്മിൻ
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ച നീളുന്നു. സീറ്റ് വിഭജന കാര്യത്തിൽ ഒരു സമവായത്തിലെത്താൻ ഇതുവരെ മുന്നണിക്ക് സാധിച്ചിട്ടില്ല. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടതാണ് ഇപ്പോൾ യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്.
മുൻ തവണ മത്സരിച്ചതിനെക്കാൾ ആറ് സീറ്റാണ് ലീഗ് അധികമായി ആവശ്യപ്പെടുന്നത്. 2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ 24 സീറ്റിൽ ലീഗ് മത്സരിച്ചിരുന്നു. പക്ഷെ ഇക്കുറി 30 സീറ്റ് വേണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെടുന്നത്. വിജയസാധ്യതയുള്ള സീറ്റുകളാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ലീഗും ന്യായീകരിക്കുന്നു. എന്നാൽ, ലീഗ് ആവശ്യപ്പെടുന്ന സീറ്റുകൾ നൽകുമ്പോൾ മുന്നണിക്കുള്ളിലെ മറ്റ് ഘടകകക്ഷികൾ ഇടഞ്ഞുനിൽക്കും.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവേ ഘടകകക്ഷികൾ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തിയാൽ തിരിച്ചടിയാകുമെന്നാണ് മുന്നണിക്കുള്ളിലെ വിലയിരുത്തൽ. ഈ വിഷയത്തിൽ ദേശീയ നേതാവായ രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ നേരത്തെ നടന്ന ഉഭയകക്ഷി ചർച്ച അടക്കം പരാജയപ്പെട്ടിരുന്നു. എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം) എന്നിവർ മുന്നണി വിട്ടത് ചൂണ്ടിക്കാട്ടിയാണ് ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത്.