ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥികളാക്കിയത് വിശദീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മിഷൻ
അഡ്മിൻ
വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥികളാക്കിയതിന്റെ സാഹചര്യം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ക്രിമിനൽ സ്വഭാവമുള്ളവർ നിയമനിർമാണ സഭകളിലെത്താതിരിക്കാനുള്ള കമ്മിഷന്റെ പ്രധാന ചുവടുവെപ്പാണിത്. സുപ്രീംകോടതി നിർദേശപ്രകാരമാണ് വ്യവസ്ഥകൾ നടപ്പാക്കുന്നത്.
എന്തുകൊണ്ട് കേസിൽപ്പെടാത്ത മികച്ചവരെ കണ്ടെത്തി മത്സരിപ്പിക്കാനായില്ലെന്നു വ്യക്തമാക്കേണ്ടിവരുന്നത് രാഷ്ട്രീയപ്പാർട്ടികൾക്കു നാണക്കേടുണ്ടാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഏതു ക്രിമിനൽക്കേസിൽപ്പെട്ടവരായാലും പാർട്ടികൾ വിശദീകരിക്കേണ്ടിവരും. വീഴ്ചവരുത്തിയാൽ സുപ്രീംകോടതിയെ അറിയിക്കും. പുതിയ വ്യവസ്ഥപ്രകാരം ദേശീയ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് ക്രിമിനൽ കേസുകളുടെ വിവരം നൽകേണ്ടത്.
സ്ഥാനാർത്ഥികൾ പത്രിക നൽകുമ്പോൾ ക്രിമിനൽ കേസ് വിവരങ്ങൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്നു നിലവിൽ വ്യവസ്ഥയുണ്ട്. ഇത് മൂന്നുതവണ അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. ഇതിനുപുറമേയാണ് പുതിയ വ്യവസ്ഥ ബാധകമാക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യം നേതാക്കളെ അറിയിച്ചു.