കോഴിക്കോട് നോർത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്ത്

സംസ്ഥാനത്തെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ സി.പി.ഐ.എം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്തിനെ മത്സര രംഗത്തിറക്കാനൊരുങ്ങുന്നു. പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. അവസാന തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.

എ. പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ എം.എൽ.എ. മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കാനാണ് തീരുമാനം. ഇത് പ്രദീപ് കുമാറിനും ബാധകമാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻ കൂടിയായ രഞ്ജിത്തിന്റെ പേര് ഉയർന്നത്. 2011 നിയമസഭ തെരഞ്ഞെടുപ്പിൽ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്.

01-Mar-2021