ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാൽ കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തില്‍ കാണില്ലെന്ന് വിമർശനവുമായി കോൺഗ്രസ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ . കോൺഗ്രസ് പ്രവർത്തകരുടെ കൂറും പ്രതിബദ്ധതയും കോൺഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിനേക്കാൾ കൂടുതൽ വ്യക്തികളെ സ്നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോൺഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കിൽ കെ.പി.സി.സി. പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാൻ ശ്രമിച്ചാൽ ഗ്രൂപ്പ് ചോദ്യം ചെയ്യും.
ഈ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവർക്ക്. മണ്ഡലം തൊട്ട് ഡി.സി.സി. വരെ എല്ലാവർക്കും അതുണ്ട്. ഇത് മാറണം.’ ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സന്ദർഭത്തിൽ സമാന വിമർശനവുമായി കെ. സുധാകരനും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഉള്ളിൽ നിന്നുതന്നെ ഉയരുന്ന വിമർശനങ്ങൾ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് സംസ്ഥാന നേതൃത്വം.