കോൺഗ്രസിന് 'പണികൊടുത്തത്' ബൂത്തുതലം മുതലുള്ള പാർട്ടി പ്രവർത്തകരും നേതാക്കളും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൂത്തുതലം മുതലുള്ള പാർട്ടി പ്രവർത്തകരും നേതാക്കളും കെ.പി.സി.സി നേതൃത്വത്തെയും യുഡിഎഫിനെയും വഞ്ചിച്ചെന്നു രാഷ്ട്രീയകാര്യസമിതി യോഗം വിലയിരുത്തി. ജനങ്ങളിൽ നിന്നും കോൺഗ്രസ് അകന്നു. നിർണായക തെരഞ്ഞെടുപ്പായിട്ടും പരസ്യ പ്രചാരണത്തിനു പണംവാങ്ങിയെങ്കിലും ചുവരെഴുത്തോ പോസ്റ്റർ പതിപ്പിക്കലോ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നു ആത്മാർത്ഥമായി ഉണ്ടായില്ലെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ, അഭ്യർത്ഥന നോട്ടീസുകൾ വിതരണം ചെയ്യാത്ത ബൂത്തുകൾ ധാരാളമാണ്. തെരഞ്ഞെടുപ്പിനും ശേഷം ബൂത്തു തലത്തിൽ നിന്നും മണ്ഡലം കമ്മിറ്റികൾക്ക് ലഭിച്ചത് വെള്ളം ചേർത്ത കണക്കായിരുന്നു. ബ്ലോക്കു തലത്തിലും ഡിസിസികളും ഇരട്ടിയിലധികമായി പെരുപ്പിച്ചുകാട്ടിയ കണക്കാണ് കെ.പി.സി.സിയുടെ മുന്നിൽ എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് നൂറു സീറ്റിൽ വിജയിക്കുമെന്ന വിലയിരുത്തലിലേക്കു കടന്നത്.

പരാജയപ്പെടുമെന്നു ഉറപ്പുള്ള മണ്ഡലങ്ങളിൽ പോലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പെന്നു അടിവരയിട്ടുള്ള കണക്കാണ് നേതൃത്വത്തിന് ലഭിച്ചത്. യു.ഡി.എഫിന് ഒരു ബൂത്തിൽ എത്ര വോട്ട് ലഭിക്കുമെന്നും അതിൽ കോൺഗ്രസിന് എത്ര വോട്ടുണ്ടെന്നുപോലും ബൂത്തു പ്രസിഡന്റുമാർക്കോ പോളിങ് ഏജന്റുമാരായി ഇരുന്നവർക്കോ അറിയില്ല എന്നതായിരുന്നു വാസ്തവം.

വോട്ടർമാരിൽ പലരെയും ആദ്യമായാണ് ബൂത്തിലിരുന്ന ഏജന്റ് കാണുന്നത്. ഹൈക്കമാൻഡ് നേതൃത്വത്തിൽ ബൂത്തു തലംവരെ സംഘടനാ സംവിധാനം ചലിപ്പിക്കാനുള്ള ഹൈടെക് ഘടകങ്ങൾ ഉണ്ടായിട്ടും പ്രവർത്തകരെ നിയന്ത്രിക്കുന്നതിന് പാർട്ടിക്കു കഴിഞ്ഞില്ല.

08-May-2021