അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതി ഉണ്ടാക്കണം: മുഖ്യമന്ത്രി

മെഡിക്കൽ ഉപകരണം ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപകരണങ്ങൾക്ക് അമിത വില ഈടാക്കുന്നെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ അത്തരം കാര്യങ്ങൾ കൊണ്ട് വരണം. പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണം. ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാർഡ് തല സമിതി നൽകണം. മുൻപ് പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാർഡ് തല സമിതി നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് വാർഡ് തല സമിതികൾ പലയിടത്തും നിർജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതി ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആംബുലൻസ് ഇല്ലെങ്കിൽ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യ ഘട്ടത്തിൽ വാർഡ് തല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡ് തല സമിതി സജീവമല്ല. ഇതിപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡിലും സമിതികൾ രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡിലെ വീടുകൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തണം.

വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കിൽ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാൽ മരണ നിരക്ക് കുറയ്ക്കാനാവും.

08-May-2021