പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി; അമരീന്ദര്‍ സിങ്ങിനെതിരെ ഉള്ളിൽ പടയൊരുക്കം
അഡ്മിൻ
പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ മുന്നണി രൂപീകരിക്കാന്‍ നീക്കം. അമരീന്ദര്‍ സിങ്ങിന്റെ ഏറ്റവും വലിയ വിമര്‍ശകനായ നവജ്യോത് സിങ് സിദ്ധു ചില എംഎല്‍മാരുമായും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന. ഒരിടവേളയ്ക്ക് ശേഷമാണ് അമരീന്ദര്‍ സിങ്ങിനെതിരായ പടയൊരുക്കം ശക്തമാക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ഒരിടവേളക്ക് ശേഷം പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നത്. അമരീന്ദര്‍ സിങ്ങിനെതിരെ നവജ്യോത് സിങ് സിദ്ധിവിന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടക്കുന്നത്.ചില എംഎല്‍മാരുമായും മന്ത്രിമാരുമായും സിദ്ധു കൂടിക്കാഴ്ച നടത്തിയതയാണ് വിവരം.അമരീന്ദര്‍ സിങ്ങിനെതിരെ മറുപക്ഷത്തുള്ളവര്‍ മുന്നണി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.
മുന്‍ പിസിസി അധ്യക്ഷന്‍ പ്രതാപ് സിങ് ബാജ്‌വയും കോണ്‍ഗ്രസിന്റെ രാജ്യസഭ എംപി ഷംഷേര്‍ സിങ്ങും നടത്തുന്ന ചെറുവിമര്‍ശനങ്ങള്‍ ഒഴിച്ചാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി അമരീന്ദറിനെതിരെ ഒറ്റയ്ക്കു യുദ്ധം നയിക്കുകയാണ് സിദ്ദു. അതിനിടയിലാണ് നീക്കങ്ങള്‍ ഇപ്പോള്‍ ശക്തമാക്കിയത്.