കെ. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മമ്പറം ദിവാകരൻ

കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കിയാൽ കേരളത്തിലെ കോൺഗ്രസ് ഇല്ലാതാകുമെന്ന് മുതിർന്ന നേതാവ് മമ്പറം ദിവാകരൻ. പാർടിയെ രക്ഷിക്കാൻ സുധാകരനെ വിളിക്കൂ എന്നു ചിലർ മുറവിളി കൂട്ടുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്നും ഓൺലൈൻ പോർട്ടലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമാണ് ദിവാകരൻ.തോറ്റതിന്റെ ഉത്തരവാദിത്തമെല്ലാം മുല്ലപ്പള്ളിയുടെ തലയിൽ കെട്ടിവയ്ക്കുന്നതും ബോധപൂർവമാണ്.

ഇതിനുപിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം. തെരഞ്ഞെടുപ്പ് പരാജയത്തിൽ മുല്ലപ്പള്ളയോടൊപ്പം തന്നെ ഉത്തരവാദിത്തം വർക്കിങ് പ്രസിഡന്റ് സുധാകരനുമുണ്ട്. ഡി.സി.സി അംഗം പുഷ്പരാജിന്റെ കാൽ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചുതകർത്തതടക്കം ഒരു പാടുസംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാൽ കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് പറയില്ല.

തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽവച്ച് തന്നെ കൊല്ലാനും ശ്രമം നടന്നതായി മമ്പറം ദിവാകരൻ വെളിപ്പെടുത്തി. ഡി.സി.സി ഓഫീസിന് ?പിരിച്ച കോടികൾ എവിടെ? കണ്ണൂർ ഡി.സി.സി ഓഫീസിനും കെ. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെപേരിൽ ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങാനും വേണ്ടി പിരിച്ചെടുത്ത കോടികൾ എവിടെയെന്നും മമ്പറം ദിവാകരൻ ചോദിച്ചു.

ഡി.സി.സി പ്രസിഡന്റായിരുന്ന എൻ. രാമകൃഷ്ണൻ പ്രവർത്തകരിൽനിന്ന് ഓരോ രൂപ സംഭാവന വാങ്ങിയാണ് കണ്ണൂരിൽ ഡി.സി.സിക്ക് ആസ്ഥാന മന്ദിരമുണ്ടാക്കിയത്. അത് പുതുക്കിപ്പണിയാൻ പൊളിച്ചിട്ടിട്ട് ഒമ്പതു വർഷമായി. എത്രയോ തവണ പിരിച്ചിട്ടും കെട്ടിടം ഉയർന്നില്ല. കെട്ടിടം പൂർത്തിയാകാൻ ഇനിയും 30 ലക്ഷം വേണമെന്നാണ് പറയുന്നത്.

അപ്പോൾ പലതവണയായി പിരിച്ച പണമെല്ലാം എവിടെപ്പോയി? ചിറക്കൽ സ്‌കൂൾ വാങ്ങാൻ സുധാകരന്റെ നേതൃത്വത്തിൽ ഗൾഫിൽനിന്നുൾപ്പെടെ 30 കോടി രൂപയാണ് പിരിച്ചത്. സ്‌കൂൾ വാങ്ങിയതുമില്ല.

09-May-2021