കേദാര്‍നാഥ് ക്ഷേത്രനഗരം വികസിപ്പിക്കല്‍; കേന്ദ്രത്തെ വിമര്‍ശിച്ച് എളമരം കരീം

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രനഗരം വികസിപ്പിക്കാന്‍ 5 കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നും 100 കോടി രൂപ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഎം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍, ഓക്സിജന്‍ കിട്ടാതെ ജനങ്ങള്‍ കൂട്ടത്തോടെ മരിക്കുമ്ബോള്‍, ഓക്സിജന്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനും വാക്സിന്‍ എത്തിക്കാനും പണം ചെലവഴിക്കുന്നതിന് പകരം ജനങ്ങളുടെ പണം കേന്ദ്ര സര്‍ക്കാര്‍ എത്ര നിരുത്തരവാദപരമായാണ് വിനിയോഗിക്കുന്നത് എന്ന് നോക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം:

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രനഗരം വികസിപ്പിക്കാന്‍ 5 കേന്ദ്ര പൊതുമേഖലാ കമ്ബനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നും 100 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു.ഇതിന് പുറമെ ഉത്തരകാശി, യമുനോത്രി, ഗംഗോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒ.എന്‍.ജി.സി, ഗെയില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറെഷന്‍, എച് .പി.സി., ബി.പി.സി.എല്‍ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫണ്ടാണ് ഈ വിധം ദുര്‍വിനിയോഗം ചെയ്യുന്നത്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍, ഓക്സിജന്‍ കിട്ടാതെ ജനങ്ങള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍, ഓക്സിജന്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനും വാക്സിന്‍ എത്തിക്കാനും പണം ചെലവഴിക്കുന്നതിന് പകരം ജനങ്ങളുടെ പണം കേന്ദ്ര സര്‍ക്കാര്‍ എത്ര നിരുത്തരവാദപരമായാണ് വിനിയോഗിക്കുന്നത് എന്ന് നോക്കുക. ഈ സാഹചര്യത്തിലാണ് മോഡി രാജി വെക്കുക എന്ന ആവശ്യം ഉയരുന്നത്.

09-May-2021