രാജ്യത്ത് പെട്രോൾ - ഡീസൽ വിലസര്‍വകാല റെക്കോർഡില്‍

രാജ്യത്ത് പെട്രോൾ, ഡീസൽ വില പുതിയ റെക്കോർഡിലെത്തി. ഇന്നലെ പെട്രോളിന് 25 പെസയും ഡീസലിന് 26 പൈസയും വീതം കൂടിയതോടെയാണിത്. ഇന്നു വില കൂടിയിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടിയ വില മധ്യപ്രദേശിലെ അന്നുപുരിലാണ് പെട്രോളിന് 103.21 രൂപയും ഡീസലിന് 93.63 രൂപയും.

കഴിഞ്ഞ മാർച്ചിൽത്തന്നെ ഇവിടെ പെട്രോൾ വില 100 രൂപ കടന്നിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില വിദൂര നഗരങ്ങളിലും പെട്രോൾ വില 100 രൂപയ്ക്കു മുകളിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു സമയത്ത് മരവിപ്പിച്ചുനിർത്തിയിരുന്ന ഇന്ധനവില, തിരഞ്ഞെടുപ്പുഫലം വന്നശേഷം മേയ് 4 മുതൽ വീണ്ടും കൂട്ടിത്തുടങ്ങി.

അതിനുശേഷം പെട്രോൾ 1.71 രൂപയും ഡീസലിനു 2.03 രൂപയും കൂട്ടി. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടിയ വില; പെട്രോളിന് 94.09 രൂപയും ഡീസലിന് 88.88 രൂപയുമാണു വില. കൊച്ചിയിൽ പെട്രോളിന് 92.27 രൂപ; ഡീസലിന് 87.17 രൂപ.

13-May-2021