കേരളത്തിൽ ലോക്ഡൌണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 23 വരെയാണ് ലോക്ഡൌണ്‍ നീട്ടിയത്.വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ഡൗണ്‍ നീട്ടണം എന്ന് ശിപാര്‍ശ ചെയ്ത സാഹചര്യത്തിലാണിത്. രോഗവ്യാപനത്തിൽ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 1000 രൂപ നല്‍കും.സ്വന്തം ഫണ്ടില്ലാത്ത ബോർഡുകള സഹായിക്കും. ക്ഷേമനിധി കിട്ടാത്ത ബി.പി.എല്‍ കുടുംബങ്ങൾക്ക് 1000 രൂപ രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബശ്രീ വായ്പ തിരിച്ചടവിന് ആറ് മാസം മോറട്ടോറിയം കേന്ദ്രത്തോട് ആവശ്യപ്പെടും. വസ്തു നികുതി, ലൈസൻസ് പുതുക്കൽ എന്നിവയ്ക്ക് സമയം നീട്ടും. ഈ മാസം നിർണ്ണായകമാണ്. രോഗ വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. മഴ ശക്തമായാൽ രോഗ വ്യാപനം കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.