കൊടകര കള്ളപ്പണം; അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
അഡ്മിൻ
കൊടകര ബിജെപി കള്ളപ്പണ കേസില്‍ അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികള്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് റിപ്പോര്‍ട്ട് കൈമാറും. കേസില്‍ പൊലീസ് കണ്ടെത്തിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി 40 കോടി രൂപയുടെ കള്ളപ്പണം കേരളത്തില്‍ കൊണ്ടുവന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, ഇന്‍കം ടാക്സ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കാണ് പൊലീസ് റിപ്പോര്‍ട്ട് കൈമാറുക. കേന്ദ്ര ഏജന്‍സികള്‍ക്ക് ഇത് രണ്ടാം തവണയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. കള്ളപ്പണം കൊണ്ടുവന്നതിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് കമ്മീഷനും കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇഡിയും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ഇന്‍കം ടാക്സും വിശദമായി അന്വേഷിക്കണമെന്നാണ് ശുപാര്‍ശ ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി കര്‍ണാടകയില്‍നിന്ന് എത്തിച്ച ഹവാല പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പായി ധര്മരാജന്, കോഴിക്കോടുള്ള ഏജന്റുമാര്‍ എന്നിവര്‍ മുഖേന 40 കോടി രൂപ എത്തിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിച്ച കോന്നിയില്‍ ധര്മരാജന് പണം വിതരണം ചെയ്തു, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 12 കോടി കള്ളപ്പണം എത്തിച്ചു തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.