ട്വന്റി 20യില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി

കിറ്റെക്‌സ് എംഡി സാബു ജേക്കബിന്‍റെ ട്വന്റി 20യില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി. ട്വന്റി 20 മഴുവന്നൂര്‍ പഞ്ചായത്തിലെ 30ല്‍ അതികം പ്രവര്‍ത്തകരാണ് കുടുംബ സമേതം രാജിവച്ച്‌ സിപിഐഎമ്മില്‍ ചേരുന്നത്. രാജിവച്ച പ്രവര്‍ത്തകര്‍ക്ക് ഇന്ന് സിപിഐഎം സ്വീകരണം നല്‍കും.

എറണാകുളം മഴുവന്നൂര്‍ പഞ്ചായത്തിലെ 30ല്‍ അതികം കുടുംബങ്ങളാണ് ട്വന്റി 20യില്‍ നിന്ന് രാജിവച്ച്‌ സിപിഐഎമ്മില്‍ ചേരുന്നത്. മോഹ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ ട്വന്റി 20 പഞ്ചായത്തില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.അതേസമയം ട്വന്റി 20യുടെ വാര്‍ഡ് മെമ്പര്‍മാരെല്ലാം ഡമ്മികളാണെന്നും.

പലര്‍ക്കും പഞ്ചായത്തിന്‍റെ പ്രവര്‍ത്തന രീതികളെ കുറിച്ച്‌ ധാരണയില്ലെന്നും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്. ട്വന്‍റി 20 ചെയര്‍മാന്‍ സാബു ജേക്കബ് ഏകാധിപതിയായാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടിഘോഷിച്ച്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ട്വന്റി 20 ക്ക് വന്‍ പരാജയമായിരുന്നു എറണാകുളം ജില്ലയില്‍ നേരിട്ടത്. നിലവില്‍ മുപ്പത് കുടുംബങ്ങളാണ് ട്വന്റി 20 വിടുന്നതെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കുടുംബം രാജിവയ്ക്കുമെന്നും ഇവര്‍ പറയുന്നു.

02-Aug-2021