കോവിഡ് ഇളവുകളുടെ ഭാഗമായി ശനിയാഴ്ചത്തെ ലോക്ക്ഡൗൺ ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ഞായറാഴ്ച മാത്രമായിരിക്കും ലോക്ക്ഡൗൺ ഉണ്ടായിരിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന്റെതാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി നാളെ നിയമസഭയിൽ അറിയിക്കും. അടുത്ത ആഴ്ച മുതൽ തീരുമാനം നിലവിൽ വരും.
ലോക്ക്ഡൗൺ തുടർന്നിട്ടും കോവിഡ് ഫലപ്രദമായ വിധത്തിൽ കുറയാത്തതിൽ കഴിഞ്ഞ അവലോകന യോഗത്തിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് തീരുമാനം.
ടിപിആർ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതിയാണ് സംസ്ഥാനത്ത് തുടർന്നുവരുന്നത്. ഇത് അശാസ്ത്രീയമെന്ന് വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്. ഇതു മാറ്റി പകരം ഓരോ പ്രദേശത്തെയും ആകെ കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി നിയന്ത്രണം കൊണ്ടുവരണമെന്ന നിർദേശമാണ് ഇന്നത്തെ യോഗം പരിഗണിച്ചത്.