ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ എംപവര്‍മെന്റ് ഫണ്ട് രൂപീകരിക്കും: മുഖ്യമന്ത്രി

ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ എംപവര്‍മെന്റ് ഫണ്ട് രൂപീകരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി തുടക്കമിട്ട വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സമാനമായി ആണ് ഈ ഫണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാകിരണം പദ്ധതിയുടെയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വെബ്സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതില്‍ ലഭിക്കുന്ന ഫണ്ട് വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായിരിക്കും ഉപയോഗിക്കുക. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വെബ്പോര്‍ട്ടലിലൂടെ ഫണ്ട് നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയാണ് ഓരോ പ്രദേശത്തും വിദ്യാകിരണം പദ്ധതി നടപ്പാക്കുന്നത്. നാടിനോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടും താത്പര്യമുള്ള എല്ലാവരും ഇതുമായി സഹകരിക്കുമെന്ന് സര്‍ക്കാരിന് ഉറച്ച പ്രതീക്ഷയുണ്ട്.ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്.

നാടിന്റെ ഭാവി, പ്രത്യേകിച്ച്‌ വിദ്യാഭ്യാസത്തിന്റെ പൊതുവായ മേന്‍മ മെച്ചപ്പെടുത്താനുപകരിക്കുന്ന പദ്ധതിയായി വിദ്യാകിരണം മാറും. പുസ്തകം, പെന്‍സില്‍, പേന തുടങ്ങി ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങള്‍ പോലെതന്നെ പ്രധാനമാണ് ഡിജിറ്റല്‍ ഉപകരണങ്ങളും എന്ന കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്.

ഈ വിഷയത്തില്‍ സഹായിക്കുന്നതിന് പല പ്രദേശങ്ങളിലും അധ്യാപക രക്ഷകര്‍തൃ സമിതികള്‍ വിവിധ മേഖലകളിലുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ട്.സി. ഐ. ഐ പോലെയുള്ള വ്യവസായ സംഘടനകളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളിലും നമ്മോടു ചേര്‍ന്നു നില്‍ക്കുന്ന പ്രവാസി സഹോദരങ്ങളും സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പഠനാവസരം ലഭിക്കണമെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈയിലുണ്ടാവണം. ഇവ വാങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികളെ സഹായിക്കുകയാണ് വിദ്യാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കോവിഡ്-19 വെല്ലുവിളിയായി.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നത്. വീടുകളിലിരുന്ന് വിദ്യാഭ്യാസം നേടുമ്പോള്‍ കണക്റ്റിവിറ്റിയും പ്രധാനമാണ്. കണക്റ്റിവിറ്റി പ്രശ്നങ്ങളുള്ള മേഖലകളില്‍ അവ ഉറപ്പാക്കാന്‍ കണക്റ്റിവിറ്റി പ്രൊവൈഡര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.അത്യപൂര്‍വ സ്ഥലങ്ങളില്‍ ഒഴികെ എല്ലായിടത്തും കണക്റ്റിവിറ്റി ഉറപ്പാന്‍ കഴിയുമെന്ന് ചര്‍ച്ചയില്‍ ധാരണയായി. ബാക്കിയുള്ള പ്രദേശങ്ങളിലും പരിഹാരം കാണാനുള്ള നടപടികളാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

05-Aug-2021