ബിജെപി കേരളത്തിൽ കുഴല്‍പ്പണമിറക്കിയത് ഒൻപത് ജില്ലകളിലേക്ക്
അഡ്മിൻ
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഒമ്പത് ജില്ലകളിൽ ബിജെപി ഹവാല പണമിറക്കിയതായി പൊലീസ്. കൊടകര കുഴൽപ്പണക്കേസിൽ കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള ഇടനിലക്കാരൻ ധർമ്മരാജന്റെ ഹർജിയെ എതിർത്തുകൊണ്ട് അന്വേഷണ സംഘം നൽകിയ പ്രത്യേക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പണം ബിജെപിയുടേതാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളും ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
അതേസമയം ഇത്തവണയും പണത്തിന്റെ ഉറവിടം കാണിക്കാൻ ധർമ്മരാജനായില്ല. തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി. അഞ്ച് തവണയാണ് രേഖകൾ ഹാജരാക്കാൻ കോടതി സമയം അനുവദിച്ചത്. എന്നാൽ പണം ബിജെപിയുടെ തന്നെയെന്നും പരപ്രേരണ മൂലമാണ് ധർമ്മരാജന്റെ ഹർജിയെന്നും റിപ്പോർട്ടിലുണ്ട്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണിക്കൃഷ്ണൻ ഹാജരായി.
കുഴൽപ്പണക്കടത്തുകാരനായ ആർ എസ്എസ് നേതാവ് ധർമ്മരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർക്ക് കൈമാറാൻ കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയാണ് കൊടകരയിൽ കവർന്നത്. 25 ലക്ഷം രൂപ കവർന്നുവെന്ന ധർമ്മരാജന്റെയും ഡ്രൈവർ ഷജീറിന്റെയും പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അതിനിടെയാണ് കുഴൽപ്പണ ഇടപാട് പുറത്തായതും ബിജെപി നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തിയതും. കേസിൽ 22 പേർ അറസ്റ്റിലാവുകയും ഒന്നര കോടി രൂപ അന്വേഷണ സംഘം കണ്ടെടുക്കുകയും ചെയ്തു.
അതിനിടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കോടികൾ കേരളത്തിലെത്തിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയോട് വിശദീകരണം തേടുമെന്നറിയുന്നു. ബിജെപി ഇറക്കിയ കുഴൽപ്പണത്തിന്റെ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ, ഇഡി, ആദായനികുതി വകുപ്പ് എന്നിവയ്ക്ക് അന്വേഷണസംഘം കൈമാറിയ പശ്ചാത്തലത്തിലാണിത്.