വിസ്മയ കേസിൽ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കൊല്ലം വിസ്മയ കേസിലെ പ്രതി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കിരൺ കുമാറിനെ പിരിച്ചുവിട്ടതായി ഗതാഗതമന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് കിരൺ കുമാറിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായിരുന്നു കിരൺ കുമാർ. അന്വേഷണത്തിന്റെ ഭാഗമായി കുറ്റം തെളിഞ്ഞതിനാലാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന നടപടിയെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീധനത്തെക്കുറിച്ചുള്ള പീഡനത്തെത്തുടർന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് കേരളത്തിൽ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് എന്നാൽ എപ്പോഴും പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.

06-Aug-2021