ലഖിംപൂർ ഖേരി: കേന്ദ്രത്തിനെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ

കേന്ദ്രസർക്കാരിനെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ. ലഖിംപൂർ ഖേരിയിൽ വാഹനമിടിച്ച് കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഒക്ടോബർ 15 ന് രാജ്യത്താകമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു. ഒക്ടോബർ 18ന്​ രാജ്യവ്യാപകമായി ട്രെയിൻ തടയും. ഒക്​ടോബർ 26ന് ലക്‌നൗവിൽ മഹാപഞ്ചായത്ത്‌ നടത്തുമെന്നും അവർ അറിയിച്ചു. കേന്ദ്ര മന്ത്രി അജയ് മിശ്രയയെ മന്ത്രിസഭയിൽ നിന്ന് നീക്കണം എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. മന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് ഉടൻ രേഖപെടുത്തണമെന്നും സംഘടനകൾ ആവശ്യപെടുന്നു.

ഒക്ടോബർ 12 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ ലഖിംപൂരിലെത്തും. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യം ഒട്ടാകെ മെഴുകുതിരി തെളിയിക്കാനും അവർ ആഹ്വനം ചെയ്തു. മരിച്ച കർഷകരുടെ ചിതാഭസ്മം വിവിധ സംസ്ഥാനങ്ങളിലായി നിമജ്ജനം ചെയ്യുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

09-Oct-2021