ബിന്ദുവിനും പത്മജയ്ക്കും ഇളവ് നൽകുന്നതിൽ എതിർപ്പുമായി എ,ഐ ഗ്രൂപ്പുകൾ

സംസ്ഥാനത്തെ കെപിസിസി പട്ടികയുടെ മാനദണ്ഡങ്ങളിൽ ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാൽ എന്നിവർക്ക് ഇളവ് നൽകുന്നതിൽ എതിർപ്പുമായി എ,ഐ ഗ്രൂപ്പുകൾ. ഗ്രൂപ്പുകളും വ്യക്തികളും സമർപ്പിച്ച പട്ടികയിലെ പേരുകൾ ജാതി-മത-യുവ-വനിതാ പ്രാതിനിധ്യം പരിഗണിച്ച്‌ 51 ഭാരവാഹികളിലേക്ക് എത്തിക്കാനാണ് നീക്കം. നേതൃനിരയിലേക്ക് മറ്റ് വനിതകളില്ലെന്ന തോന്നലുണ്ടാക്കുമെന്നാണ് ഗ്രൂപ്പുകളുടെ വാദം. പട്ടിക നൽകിയെങ്കിലും അവസാനവട്ട ചർച്ച നടന്നില്ലെന്ന വിമർശനവും ഗ്രൂപ്പുകൾ ഉയർത്തി.

അഞ്ച് വർഷം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിൽ ഉണ്ടായവരെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന നേതൃത്വത്തിന്റെ തീരുമാനത്തോട് ഗ്രൂപ്പുകൾ യോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റുമാർക്ക് നിലവിലെ 51 അംഗ പട്ടികയ്ക്ക് പുറമെ നിർവാഹക സമിതിയിലും അംഗങ്ങളായി ഉൾപ്പെടുത്താമെന്ന തീരുമാനം നേതൃത്വം അംഗീകരിച്ചിരുന്നു.

അതിൽ മാറ്റംവരുത്താനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് ഗ്രൂപ്പുകൾ പറയുന്നത്. വനിതാ നേതാക്കളുടെ പേരുകൾ ആവർത്തിക്കപ്പെടുമ്ബോൾ ഇവർ മാത്രമേ വനിതാ നേതാക്കളായിട്ടുള്ളോ എന്ന ചോദ്യം ഉയരുമെന്നും അതുപാടില്ലെന്നും ഗ്രൂപ്പുകൾ ഹൈക്കമാൻഡിനോട് പറഞ്ഞു.അതേസമയം, പുതിയ പട്ടിക നേതൃത്വം ഇന്നുതന്നെ ഹൈക്കമാൻഡിന് കൈമാറും എന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയാണ്.

10-Oct-2021