തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിൽ ആര്‍ടിഒ ഓഫീസില്‍ തീ പിടിത്തം

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തീ പിടിത്തം. രാവിലെയോടെയാണ് സംഭവം. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ടെര്‍മിനലിന്റെ അഞ്ചാം നിലയിലുള്ള ആര്‍ടിഒ ഓഫീസിലെ മുറിയ്ക്കുള്ളിലാണ് തീ പിടിത്തം ഉണ്ടായത്. അപകട സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു.

ഇത് മൂലം തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. ഒടുവില്‍ ഡോര്‍ തകര്‍ത്താണ് രക്ഷാസംഘം അകത്തേക്ക് കയറിയത്. പത്ത് മിനുട്ടിലേറെ വേണ്ടി വന്നു ഫയര്‍ഫോഴ്‌സിന് തീ വരുന്ന സ്ഥലം കണ്ടെത്താന്‍. ഒടുവില്‍ മൂന്ന് വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയശേഷമാണ് തീ കണ്ടെത്തി അണയ്ക്കാനായത്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.

പുക പുറത്തുപോകാനുള്ള മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ തീ അണയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോണിപ്പടിയോട് ചേര്‍ന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.

11-Oct-2021