നെടുമുടി; സ്വയം അടയാളപ്പെടുത്തിയ പകരം വയ്കാനില്ലാത്ത അഭിനയപ്രതിഭ
അഡ്മിൻ
മലയാള സിനിമാചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തിയ പകരം വയ്കാനില്ലാത്ത അഭിനയപ്രതിഭ. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി വേണു.
സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അവയിൽ നെടുമുടി വേണുവിൻറെ വേഷങ്ങൾ ഒരിക്കലും പരാജയപ്പെട്ടില്ല. ലോക സിനിമാ രംഗത്ത് മലയാളികൾക്ക് എക്കാലത്തും അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാം ഈ മഹാനടനെ.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടി എൻഎസ്എസ് സ്‌കൂൾ, ചമ്പക്കുളം സെൻറ് മേരിസ് സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദം നേടി. വിദ്യഭ്യാസകാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
സ്‌കൂൾ യുവജനോത്സവത്തിൽ ഘടം,സമൂഹഗാനം തുടങ്ങിയവയ്‌ക്കൊക്കെ സമ്മാനം നേടിയിട്ടുണ്ട്. എസ്.ഡി കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ സഹപാഠിയായിരുന്നു ഇന്നത്ത പ്രമുഖ സംവിധായകൻ ഫാസിൽ. ആത്മസുഹൃത്തുക്കളായി മാറിയ ഇരുവരും കൈകോർത്തുപിടിച്ചാണ് കലാലോകത്തെ പടവുകൾ ചവിട്ടിക്കയറിയത്. കാവാലം നാരായണപണിക്കരുടെ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിലൂടെ അഭിനേതാവ് എന്ന നിലയിൽ വേണുവിന് മേൽവിലാസമായി.
അരവിന്ദൻ, പത്മരാജൻ, ജോൺ എബ്രഹാം തുടങ്ങിയവരെല്ലാം കാവാലത്തിന്റെ നാടക ക്യാമ്പിലെ സ്ഥിരസന്ദർശകർ ആയിരുന്നു. പ്രമുഖ സിനിമാപ്രവർത്തകരുടെ ആ സൗഹൃദകൂട്ടായ്മയിൽ വേണുവിനും അംഗത്വം ലഭിച്ചു. അരവിന്ദൻറെ തമ്പ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്.
1990-ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003- ൽ പുറത്തിറങ്ങിയ മാർഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാർഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങൾ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007-ൽ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി.