കേരളത്തിലേക്ക് കൂടുതല്‍ ഒളിമ്പിക്‌സ് മെഡലുകള്‍ എത്തുന്ന സാഹചര്യം സൃഷ്ടിക്കും: മുഖ്യമന്ത്രി

ഒളിമ്പിക്‌സ് മെഡലുകള്‍ കേരളത്തിലേക്ക് കൂടുതല്‍ എത്തുന്ന സാഹചര്യം സൃഷ്ടിക്കാൻ നാടിനൊപ്പം സര്‍ക്കാരും മുന്‍നിരയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍.കായിക രംഗത്ത് നിന്ന് വിരമിച്ചാലും കായിക താരങ്ങളുടെ സേവനം കേരളത്തിന് ആവശ്യമുണ്ടെന്നും എങ്കില്‍ മാത്രമേ ഇനിയും വലിയ നേട്ടങ്ങള്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി വി രാജ പുരസ്‌ക്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കാണ് ഇത്തവണ ഒളിമ്പിക്സ് മെഡല്‍ നേടാന്‍ കഴിഞ്ഞത്. വരുംകാലങ്ങളില്‍ അവയുടെ എണ്ണം വര്‍ധിക്കണമെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്.അതിനു നാം ഏറെ മുന്നേറേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ നാടിനൊപ്പം, മുന്നില്‍നിന്നുകൊണ്ടുതന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും മുഖ്യമന്ത്രി പറഞ്ഞു.ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ഹോക്കി താരം പിആര്‍ ശ്രീജേഷിനുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജിയന്‍ അവാര്‍ഡ് ദാന വേദിയില്‍ സമ്മാനിച്ചു.

അന്തര്‍ദേശീയ കായിക താരങ്ങളായ കുഞ്ഞുമുഹമ്മദ്, മയൂഖ ജോണി എന്നിവര്‍ക്കുള്ള ജിവി രാജ അവാര്‍ഡും മുഖ്യമന്ത്രി സമ്മാനിച്ചു.ഒളിമ്ബ്യന്‍ സുരേഷ് ബാബു മെമ്മോറിയില്‍ അവാര്‍ഡ് ബോക്സിംഗ് പരിശീലകന്‍ ചന്ദ്രലാലിന് നല്‍കി.'നാടിന്റെ സാന്നിധ്യം അന്താരാഷ്ട്രതലത്തില്‍ എത്തിച്ചവരെയാണ് നാം ഇപ്പോള്‍ ആദരിക്കുന്നത്.

ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് കഴിയും.അതിലൂടെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് പ്രചോദനമാകണം. ജീവിതത്തിന്റെ യുവത്വം കായിക രംഗത്തിനായി മാറ്റിവച്ചവരാണ് ഇന്നത്തെ കായികതാരങ്ങള്‍.കായികരംഗത്തുനിന്ന് നാളെ വിരമിച്ചാലും നിങ്ങളുടെ സേവനം നാടിനാവശ്യമാണ് മുഖ്യമന്ത്രി പറഞ്ഞു.

12-Oct-2021