കേരള ബി.ജെ.പി നീങ്ങുന്നത് പിളർപ്പിലേക്ക്?

നിരവധി വര്‍ഷങ്ങളായി ബി.ജെ.പി നേതൃത്വത്തില്‍ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ കലാശിച്ചിരിക്കുന്നത്. പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ്. ചാനല്‍ ചര്‍ച്ചക്കുള്ള പാര്‍ട്ടിയുടെ വാട്‌സാപ്പ്ഗ്രൂപ്പില്‍ നിന്നും ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ഭാരവാഹികളായ എംടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പുറത്തുപോയിരിക്കുന്നത്.

ദേശീയ സമിതിയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ശോഭാസുരേന്ദ്രനും പരസ്യമായാണ് പ്രതിഷേധിച്ചിരിക്കുന്നത്. മുന്‍ എം.എല്‍.എ ഒ.രാജഗോപാല്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ എന്നിവരും നിലവിലെ നേതൃത്വത്തിന്റെ പോക്കില്‍ കടുത്ത അതൃപ്തിയിലാണ്.

പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കി സുരേന്ദ്രന്‍ പിടിമുറുക്കുന്നതാണ് ഈ നേതാക്കളെയെല്ലാം ചൊടിപ്പിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ എല്ലാ നീക്കങ്ങളും കേന്ദ്രമന്ത്രി വി. മുരളീധരന്റെ പിന്തുണയോടെയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്ള ഏക സീറ്റ് നഷ്ടപ്പെടുത്തിയിട്ടും കെ.സുരേന്ദ്രന്‍ തെറിക്കാതിരിക്കുന്നത് മുരളീധരന്റെ ഈ ശക്തിയിലാണ്.

സുരേന്ദ്രനെ അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയാല്‍ കേരളത്തിലെ പാര്‍ട്ടിയിലെ തന്റെ ആധിപത്യം അതോടെ അവസാനിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്നതും വി. മുരളീധരനു തന്നെയാണ്. അതു കൊണ്ടാണ് ബി.ജെ.പി ദേശീയ നേതൃത്വത്തെ സ്വാധീനിച്ച് സുരേന്ദ്രന്റെ കസേരയും അദ്ദേഹം ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, ഇനിയും സുരേന്ദ്രന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗമുളളത്.

സംസ്ഥാന ആര്‍.എസ്.എസിലെ പ്രബല വിഭാഗത്തിനും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ പോക്കില്‍ കടുത്ത അതൃപ്തിയാണുള്ളത്. കൊടകര കുഴല്‍പ്പണക്കേസ് വിവാദത്തിലും ആര്‍.എസ്.എസിന് രോക്ഷമുണ്ട്. ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ബി.ജെ.പിയിലെ നേതൃമാറ്റത്തില്‍ ഉറച്ചു നിന്നാല്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വവും ആ നിലപാടിനൊപ്പമാണ് നില്‍ക്കുക. അത് സംഭവിച്ചാല്‍ സുരേന്ദ്രന്റെ കസേരയാണ് ആദ്യം തെറിക്കുക.

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഉടക്കി നില്‍ക്കുന്നതിനാല്‍ ബി.ജെ.പിയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളും നിലവില്‍ താളം തെറ്റി തുടങ്ങിയിട്ടുണ്ട്. വയനാട് ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ആഭ്യന്തര കലഹം ശക്തമാണ്. അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതാണ് വയനാട്ടിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണം. പരസ്യ പ്രതിഷേധത്തിനും കൂട്ടരാജിക്കും പിന്നാലെയാണ് വയനാട് ജില്ലാ ബിജെപിയിലെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമായിരിക്കുന്നത്.

12-Oct-2021