മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഐഷ സുൽത്താന
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഐഷ സുൽത്താന. ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള ഐഷ സുൽത്താനയുടെ പോരാട്ടത്തിൽ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഐഷ സുൽത്താന പറഞ്ഞു. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.
'ലക്ഷദ്വീപ് വിഷയത്തിൽ നടക്കുന്ന കാര്യങ്ങളാണു സംസാരിച്ചത്. കേരള ജനത ദ്വീപിനു നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിക്കാൻ മുഖ്യമന്ത്രിയെ കാണാൻ അങ്ങോട്ട് അഭ്യർഥിക്കുകയായിരുന്നു. നേരത്തേ ശ്രമിച്ചെങ്കിലും പോകാൻ പറ്റിയില്ല. കേരള നിയമസഭ ലക്ഷദ്വീപിനു നേരത്തേ തന്നെ പിന്തുണ അറിയിച്ചിട്ടുള്ളതാണ്.
അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നന്ദി പറയണമെന്നു കരുതിയിരുന്നതാണ്. വൈകിയാണു സാധിച്ചത് എന്നു മാത്രം. തനിക്കെതിരായ എഫ്‌ഐആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്'. നിലവിൽ അന്വേഷണ ഏജൻസിയിൽ നിന്നു ബുദ്ധിമുട്ടിക്കുന്ന നടപടികളില്ലെന്നും ഐഷ സുൽത്താന പറഞ്ഞു.