പഞ്ചായത്ത് വകുപ്പിൽ ഇനി വിവരാവകാശ അപേക്ഷകള്‍ക്ക് ഉടന്‍ മറുപടി
അഡ്മിൻ
പഞ്ചായത്ത് വകുപ്പിൽ അപ്പീൽ അധികാരികളെയും സ്‌റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറെയും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും പുനർ നിർണയിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ കാര്യക്ഷമമായി സേവനങ്ങൾ ലഭ്യമാക്കാനും സഹായകമാവുന്ന വിധത്തിലാണ് ക്രമീകരണം നടപ്പാക്കിയതെന്നും മന്ത്രി അറിയിച്ചു.
നേരത്തെ ഗ്രാമപഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്നു സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ. പുതിയ ഉത്തരവിലൂടെ ജൂനിയർ സൂപ്രണ്ടോ, ഹെഡ് ക്ലാർക്കോ ആ പദവിയിലേക്ക് വരും. ഗ്രാമ പഞ്ചായത്തുകളിൽ സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി അക്കൗണ്ടന്റുമാരെയും അപ്പീൽ അധികാരികളായി പി എ യു സൂപ്പർവൈസറെയും നിശ്ചയിച്ചു.പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിൽ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ജൂനിയർ സൂപ്രണ്ടും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി സീനിയർ ക്ലർക്കും അപ്പീൽ അധികാരിയായി പി എ യു യൂണിറ്റ് സൂപ്പർവൈസറും ഉണ്ടാവും.
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ജൂനിയർ സൂപ്രണ്ടും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി സീനിയർ ക്ലർക്കും അപ്പീൽ അധികാരിയായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും ഉണ്ടാകും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി സീനിയർ സൂപ്രണ്ടും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ജൂനിയർ സൂപ്രണ്ടും അപ്പീൽ അധികാരിയായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറേയും നിയോഗിച്ച് ഉത്തരവായെന്ന് മന്ത്രി പറഞ്ഞു.
ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലർക്ക് തസ്തിക ഇല്ലാത്ത ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ അസിസ്റ്റന്റ് സെക്രട്ടറി സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ചുമതല വഹിക്കണം. പി എ യു സൂപ്പർവൈസർമാർ ഇല്ലാത്ത പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളിൽ സൂപ്പർവൈസറുടെ ചുമതല വഹിക്കാത്ത ജൂനിയർ സൂപ്രണ്ട് സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ചുമതല വഹിക്കണം. ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വിവരാവകാശ നിയമത്തിന്റെ അന്തസത്ത ചോർന്നുപോകാതെ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു.