മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് കെപിസിയില്‍ ഭാരവാഹിത്വമുണ്ടാകില്ല

സംസ്ഥാനത്തെ കെപിസിസി ഭാരവാഹി അന്തിമ പട്ടികയില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകാൻ സാധ്യത. നേരത്തെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ടെങ്കില്‍ പുനസംഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പുതിയ തീരുമാന പ്രകാരം മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് കെപിസിയില്‍ ഭാരവാഹിത്വമുണ്ടാകില്ല.

അതേസമയം,പത്മജ വേണുഗോപാലിന് മാത്രം അഞ്ചു വര്‍ഷത്തെ നിബന്ധനയില്‍ ഇളവ് ലഭിക്കും. സ്ത്രീകൾക്കുള്ള പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബിന്ദു കൃഷ്ണയ്ക്കും ഇളവ് ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മുന്‍ കൊല്ലം ഡിസിസി അധ്യക്ഷയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

ഇതോടൊപ്പം എംപി വിന്‍സന്റിനും യു രാജീവിനും ഇളവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഒന്നര വര്‍ഷം മാത്രമേ ഡിസിസി നേതൃസ്ഥാനത്തുണ്ടായിരുന്നുള്ളൂ എന്ന പരിഗണനയില്‍ ഇരുവര്‍ക്കും ഇളവ് നല്‍കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകാരണം ഈ നീക്കമുണ്ടാകില്ല. പകരം കെപിസിസി ഭാരവാഹി പട്ടികയ്ക്ക് പുറത്ത് നിര്‍വ്വാഹക സമിതിയില്‍ ഇവരെ ഉള്‍പ്പെടുത്താമെന്നാണ് ധാരണ.

പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയെന്നാണ് വിവരം. സമുദായ സമവാക്യവും ദളിത് വനിതാ പ്രാതിനിധ്യവും ഉറപ്പ് വരുത്തിയെന്ന് അവകാശപ്പെടുന്ന 51 അംഗ പട്ടികയില്‍ പക്ഷേ പത്മജ വേണുഗോപാല്‍ അടക്കം മൂന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്.

13-Oct-2021