ഗ്ലോബൽ പട്ടിണി സൂചിക: യഥാർത്ഥത്തിൽ ഇന്ത്യയുടെ സ്ഥാനം 131

.തോമസ് ഐസക്

ഗ്ലോബൽ പട്ടിണി സൂചിക 2021 റിപ്പോർട്ട് പ്രകാരം ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നാണക്കേടിന്റെ 101 ആണ്. യഥാർത്ഥത്തിൽ ഇന്ത്യയുടെ സ്ഥാനം 131-ാമത്തേതാണ്. വ്യവസായവൽകൃത ഒഇസിഡിയിലെ 38 രാജ്യങ്ങളിൽ 8 എണ്ണത്തെ മാത്രമേ സൂചികയ്ക്കുവേണ്ടി പരിഗണിച്ചുള്ളൂ. ബാക്കിയുള്ളവയിൽ പട്ടിണി പരിഗണനാർഹമായ വിഷയമല്ല എന്നാണ് അനുമാനം. ആ രാജ്യങ്ങളെക്കൂടി പരിഗണിക്കുകയാണെങ്കിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 131 ആകും.

ഇന്ത്യാ സർക്കാർ വളരെ രോഷത്തോടെയാണു പ്രതികരിച്ചത്. കണക്കുകളുടെ നിജസ്ഥിതിയേയും ശേഖരിച്ച രീതിയേയും അപഹസിച്ചു. ഇവയെല്ലാം ഈ പ്രാമാണിക റിപ്പോർട്ടിന്റെ സംഘാടകർ നിഷേധിക്കുക മാത്രമല്ല, ഇന്ത്യാ സർക്കാരിൻ്റെ വായ അടപ്പിക്കുന്ന മറുപടിയാണു നൽകിയത്. ഐക്യരാഷ്ട്രസഭ സസ്റ്റെയിനബിൾ ഡെവലപ്പ്മെന്റ് ഗോൾസ് അഥവാ എസ്ഡിജി കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന സ്ഥിതിവിവര കണക്കുകൾ തന്നെയാണ് പട്ടിണി സൂചികയ്ക്കും ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യാ സർക്കാർ ഇതുസംബന്ധിച്ച കരാറിൽ അംഗവുമാണ്. അഥവാ ഇന്ത്യാ സർക്കാർ തന്നെ പട്ടിണി സൂചികയുടെ രീതിസമ്പ്രദായത്തെ അംഗീകരിച്ചിട്ടുണ്ട്.

എന്തുകൊണ്ടായിരിക്കണം ഇന്ത്യാ സർക്കാർ ഇത്ര കുപിതരായത്? യഥാർത്ഥത്തിൽ റിപ്പോർട്ടിൽ ഇന്ത്യ പട്ടിണി കുറയ്ക്കുന്നതിൽ കൈവരിച്ച നേട്ടത്തെ പ്രകീർത്തിച്ചുകൊണ്ട് ഒരു ബോക്സ് തന്നെയുണ്ട്. 2000-ത്തിൽ ഇന്ത്യയുടെ പട്ടിണി സ്കോർ 38.8 ആയിരുന്നു. ഇപ്പോൾ അത് 27.5 ആണ്. 29 ശതമാനമാണ് നേട്ടം. പക്ഷെ, ഇതു മുഴുവൻ നേടിയത് 2000-ത്തിനും 2012-നും ഇടയിലാണ്. ഈ 10 വർഷംകൊണ്ട് 10 സ്കോർ കുറഞ്ഞു. എന്നാൽ 2012 മുതൽ 2021 വരെയുള്ള 10 വർഷംകൊണ്ട് 1.3 സ്കോർ മാത്രമാണു കുറഞ്ഞത്. മോഡിയുടെ കാലത്ത് പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. കോപം വരാൻ ഇതിലേറെ കാര്യം വേണോ?
കണക്കുകൾ ലഭ്യമായ 83 രാജ്യങ്ങൾ എടുത്താൽ 2012-നും 2021-നും ഇടയ്ക്ക് പട്ടിണി സ്കോറിൽ 40 ശതമാനം കുറവുണ്ടായി. പട്ടിണി ഇല്ലാതാകുംതോറും സ്കോറിൽ ഉണ്ടാകുന്ന ഇടിവ് സൃഷ്ടിക്കാൻ കൂടുതൽ കൂടുതൽ പ്രയാസമാകുമെന്നു പറയേണ്ടതില്ലല്ലോ. എന്നിട്ടും ഇന്ത്യയിൽ 29 ശതമാനം പട്ടിണി സ്കോർ കുറഞ്ഞപ്പോൾ മറ്റു രാജ്യങ്ങളിൽ 40 ശതമാനം കുറഞ്ഞു. ചുരുക്കത്തിൽ മറ്റു രാജ്യങ്ങൾ ഉണ്ടാക്കിയ നേട്ടം പോലും ഇക്കാര്യത്തിൽ നമുക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

നമ്മുടെ അയൽപ്പക്ക രാജ്യങ്ങൾ എടുത്താൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് നമുക്കു താഴെ. ഒരുകാലത്ത് കുട്ടയിൽ എടുക്കേണ്ട ദരിദ്രരാജ്യമായിരുന്ന ബംഗ്ലാദേശുപോലും നമുക്കു മുകളിലാണ്. ചൈനയുടെ കാര്യം പറയേണ്ടതില്ല. ചൈന ഏതാണ്ട് പട്ടിണിരഹിത രാജ്യമായി മാറിക്കഴിഞ്ഞു.

ഓരോ വർഷവും റെക്കോർഡ് വിളവിന്റെ പത്രവാർത്തകളും രാജ്യം മുഴുവനും ഒറ്റ റേഷൻകാർഡിൽ വന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ പട്ടിണി വർദ്ധിക്കുന്നത്? ധാന്യോൽപ്പാദനം വർദ്ധിക്കുന്നൂവെന്നതു ശരിതന്നെ. പക്ഷെ, പ്രതിശീർഷ ധാന്യോൽപ്പാദനം എടുത്താൽ ചിത്രം വേറൊന്നാണ്. 1991-ൽ പ്രതിശീർഷ ധാന്യലഭ്യത 186.2 കിലോയായിരുന്നു. 2016-ൽ അത് 177.9 ആയി താഴുകയാണുണ്ടായത്. പക്ഷെ, പട്ടിണി സൂചിക അളക്കുന്നത് ധാന്യലഭ്യത മാത്രമല്ല. മൊത്തം ഭക്ഷണത്തിന്റെ ലഭ്യതയാണ്. അതുപോലെതന്നെ പ്രോട്ടീന്റെയും പോഷകാഹാരങ്ങളുടെയും ലഭ്യതയും കണക്കിലെടുക്കുന്നുണ്ട്.

ഇത് കണക്കാക്കുന്നതിന് ഇന്ത്യാ സർക്കാർ ആക്ഷേപിച്ചതുപോലെ ഫോൺ ഇൻ സർവ്വേയുമൊന്നുമല്ല പട്ടിണി സൂചികക്കാർ ആശ്രയിക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഫുഡ് ബാലൻസ്ഷീറ്റാണ്. എന്നുവച്ചാൽ വിവിധയിനം ഭക്ഷണ സാധനങ്ങളുടെ ഉൽപ്പാദനം എത്ര? കയറ്റുമതി എത്ര? ഇറക്കുമതി എത്ര? സ്റ്റോക്ക് എത്ര? അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ ലഭ്യത കണക്കാക്കുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് ആവശ്യമായ മിനിമം ഭക്ഷണം ലഭിക്കാത്തവരുടെ കണക്ക് ഉണ്ടാക്കുന്നത്. ഇതിന് ആകെ സൂചികയിൽ മൂന്നിലൊന്നു പ്രാധാന്യമേ നൽകിയിട്ടുള്ളൂ.

ഭക്ഷണം കഴിക്കുന്നൂവെന്നതിനേക്കാൾ ഭക്ഷണവും പോഷകാഹാരങ്ങളും തുടർച്ചയായി ലഭിക്കുന്നില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെയാണ് പട്ടിണി സൂചികയിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ ആരോഗ്യനിലയുടെ ബാരോ മീറ്ററായി കണക്കാക്കുന്നത് കുട്ടികളുടെ ആരോഗ്യമാണ്. അതുകൊണ്ട് സൂചിക കണക്കു കൂട്ടുന്നതിന് ആസ്പദമാക്കുന്ന 4 ഘടകങ്ങളിൽ 3-ഉം കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഒന്ന്) 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ചുള്ള തൂക്കമുണ്ടോ? രണ്ട്) 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രായത്തിന് അനുസരിച്ചുള്ള ഉയരമുണ്ടോ? മൂന്ന്) 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് എന്താണ്? ഇതിനെല്ലാം ഇന്ത്യാ സർക്കാരിന്റെ സ്ഥിതിവിവര കണക്കുകൾ തന്നെയാണ് ആസ്പദമാക്കുന്നത്. പട്ടിണി സൂചികയുടെ 4 ഘടകങ്ങളിൽ മൂന്നിൽരണ്ട് പ്രാധാന്യവും ഇപ്പോൾപ്പറഞ്ഞ 3 ഇനങ്ങൾക്കാണ്.

2021-ലെ സൂചികയാണെങ്കിലും കോവിഡിന്റെ പ്രത്യാഘാതങ്ങൾ ഈ സൂചിക പ്രതിഫലിപ്പിക്കുന്നില്ല. കാരണം കോവിഡ് കാലത്തു പെരുകിയ പട്ടിണിയുടെ പ്രത്യാഘാതങ്ങൾ ആരോഗ്യനിലയിൽ പ്രതിഫലിക്കാൻ ഒന്നോ രണ്ടോ വർഷങ്ങൾ എടുക്കുമല്ലോ. എന്നുവച്ചാൽ മോഡി ഭരണം അവസാനിക്കാൻ പോകുന്നത് ഭരണം തുടങ്ങിയതിനേക്കാൾ രൂക്ഷമായ പട്ടിണിയുടെ റെക്കോർഡോഡുകൂടിയായിരിക്കും.

18-Oct-2021