ലഖിംപൂർ കർഷക കൊലപാതകം: ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധവുമായി കർഷകർ
അഡ്മിൻ
ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ ട്രെയിനുകൾ തടഞ്ഞു. പഞ്ചാബിലും ഹരിയാനയിലുമാണ് ട്രെയിൻ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് സോനിപതിയിൽ കേന്ദ്രസേനയെ വിന്യസിച്ചു.
രാവിലെ 10 മുതൽ 4 വരെ ട്രെയിനുകൾ തടഞ്ഞത് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു. സമാധാനപരമായിട്ടാണ് പ്രതിഷേധം തുടരുകയാണ്. പഞ്ചാബിൽ 36 ഇടത്താണ് ട്രെയിൻ തടയാൻ തീരുമാനിച്ചിരിക്കുന്നത്. ലഖിംപൂർ സംഘർഷത്തിൽ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിന് മന്ത്രിയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
കേന്ദ്രമന്ത്രി അജയ് മിശ്രയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ലഖിംപൂരിൽ കൊല്ലപ്പെട്ടവരുടെ അസ്ഥികലശങ്ങളുമായി കർഷകസംഘടനകളുടെ പര്യടനം തുടരുകയാണ്. 26 ന് കിസാൻ മഹാപഞ്ചായത്തുകൾ സംഘിപ്പിച്ച് പ്രക്ഷോഭം അതിശക്തമാക്കുമെന്നും സംയുക്ത കിസാൻ മോർച്ച പറഞ്ഞു.