സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. തിരുവനന്തപുരം ബാർട്ടൻഹിൽ 'വേലിക്കകത്ത്' വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വി എസ് ഇന്ന് കുടുംബാംഗങ്ങളോടൊത്ത് ജന്മദിനം ലളിതമായി ആഘോഷിക്കും.
പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വർഷങ്ങളായി അവധി എടുത്ത വിഎസ് രണ്ട് വർഷമായി വീട്ടിൽ തന്നെ വിശ്രമത്തിലാണ്. 2019 ഒക്ടോബറിൽ പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തിന് പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു.
കഴിഞ്ഞ എൽഡിഎഫ് ഗവൺമെൻറിൻറെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയിൽ അത് ഒഴിഞ്ഞിരുന്നു. വീട്ടിനകത്ത് ഇപ്പോഴും വീൽചെയറിലാണ് വിഎസ്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇപ്പോൾ കൂടുതൽ സന്ദർശകരെ അനുവദിക്കാറില്ല. പത്രവായനയും, ടെലിവിഷൻ വാർത്തകൾ കാണുന്നതും മുടക്കാറില്ല.