കേരളത്തിനെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു; മുഖ്യമന്ത്രി

സംസ്ഥാനത്തു മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 11 മുതൽ സംസ്ഥാനത്തു വർധിച്ച തോതിലുള്ള മഴയാണുണ്ടായത്. അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ശാന്ത സമുദ്രത്തിലെ ചുഴലിക്കാറ്റും മഴക്കെടുതിയിലേക്കു നയിച്ചു.സംസ്ഥാനത്ത് ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഇതിൽ ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ(കോട്ടയത്ത് 12, ഇടുക്കി 7) മൃതദേഹങ്ങൾ കണ്ടെത്തി.ആറു പേരെ കാണാതായിട്ടുണ്ട്.

നിലവിൽ 304 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. 3851 കുടുംബങ്ങൾ ഈ ക്യാംപുകളിൽ കഴിയുന്നുണ്ടെന്നും കൂട്ടിക്കലിൽ കൃത്യമായി സർക്കാർ സംവിധാനം രക്ഷാപ്രവർത്തനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുവിച്ച മഴ സാധ്യത പ്രവചനം പ്രകാരം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കൊച്ചി റഡാർ ഇമേജിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ, തിരുവനന്തപുരം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാണുന്നു.

നിലവിൽ യെല്ലോ, ഓറഞ്ച് അലർട്ടുകളാണു പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര പ്രദേശങ്ങളിലും ദുരന്തസാധ്യത പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണം. തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത രണ്ടു മൂന്ന് ദിവസം ഇതു തുടരാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഒക്ടോബർ 21ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

20-Oct-2021