കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തിൽ എല്ലായിടത്തും മുൻകരുതലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത്. പ്രതിപക്ഷ നേതാവിൻ്റെ വിമർശനം സംബന്ധിച്ച് ഇപ്പോൾ തർക്കത്തിനില്ല. മറുപടി പറയേണ്ട സമയത്ത് പറയും. എല്ലാവരും സഹകരിക്കണം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ അപ്പോൾ തന്നെ ജനങ്ങളെ അറിയിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വൈകിയിട്ടില്ല. രാഷ്ട്രീയ ചർച്ചകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എല്ലാം പറയേണ്ട സമയത്ത് പറയുമെന്നും മന്ത്രി പറഞ്ഞു.

തെക്കന്‍ തമിഴ്നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. കോട്ടയം ജില്ലയില്‍ മലയോര മേഖലകളില്‍ പെയ്ത മഴയ്ക്ക് ശമനമുണ്ടായി. കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട് ഭാഗങ്ങളിലും, തീക്കോയി, തലനാട്, പൂഞ്ഞാര്‍ പ്രദേശത്തുമാണ് ശക്തമായി മഴ പെയ്തത്.

21-Oct-2021