പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ ഇനി പീപ്പിൾസ് റസ്റ്റ്ഹൗസുകൾ
അഡ്മിൻ
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിൻറെ ഭാഗമായി മുറികൾ പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാനാകുന്ന തരത്തിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം നവംബർ ഒന്നിന് നിലവിൽ വരുമെന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.
റസ്റ്റ് ഹൗസിൽ ഒരു മുറി വേണമെങ്കിൽ ഇനി സാധാരണക്കാരന് പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓൺലൈൻ സംവിധാനം തയ്യാറാക്കുക.
റസ്റ്റ് ഹൗസ് കൂടുതൽ ജനസൗഹൃദമാക്കി പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷൻ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെടിഡിസി മാനേജിംഗ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകൾ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പു വരുത്തും. ദീർഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ് ലറ്റ് ഉൾപ്പെടെയുളള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തി ജനകീയമാക്കും. സിസിടിവി സംവിധാനം ഏർപ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും.