മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി ഡാമിൽ റെഡ് അലര്‍ട്ട്
അഡ്മിൻ
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 സ്പിൽവേ ഷട്ടറുകൾ 35 സെന്റമീറ്റർ വീതമാണ് ഉയർത്തിയത്. രാവിലെ 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി. 7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി. രണ്ടു ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അതിനിടെ, മഴ ശക്തമായാല്‍ ഇടുക്കി അണക്കെട്ടും ഇന്ന വൈകീട്ടോടെ തുറക്കാൻ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കി.
മുല്ലപ്പെരിയാര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. 2108-ല്‍ അവസാനമായി മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നപ്പോള്‍ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകള്‍ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. ഇത്തവണ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതര്‍ തുറന്നിട്ടുണ്ട്.