ഇന്ധന വില നിയന്ത്രണം പെട്രോളിയം കമ്പനികൾക്ക് നൽകിയത് യുപിഎ സർക്കാർ: മന്ത്രി കെ.എന്‍ ബാലഗോപാൽ

രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവില്‍ സംസ്ഥാന നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. ഈ സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ ആരോപണത്തിന് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മറുപടി. വില വര്‍ദ്ധന ഗുരുതര പ്രശ്‌നമാണ്. വില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടു കൊടുത്തെങ്കിലും ക്രൂഡ് ഓയില്‍ വില താഴുന്നതിന് അനുസരിച്ച് വില കുറയുന്നില്ല.

ഇന്ധന വില നിയന്ത്രണം പെട്രോളിയം കമ്പനികൾക്ക് നൽകിയത് യു.പി.എ സർക്കാരാണെന്നും ഇന്ധന വില വര്‍ദ്ധന സംസ്ഥാനത്തിന് നികുതി വിഹിതം വീതം വെയ്ക്കാനാകാത്ത വിധത്തില്‍ കേന്ദ്ര നികുതി ഘടന മാറ്റി. അതിനാല്‍ കേന്ദ്രത്തിനെതിരെ ഒന്നിച്ച് അണിനിരക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, രാജസ്ഥാൻ, തെലുങ്കാന സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ നികുതി കൂടുതലാണെന്നും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്ട്രയിലും കേരളത്തേക്കാൾ വളരെ കൂടുതലാണ് പെട്രോൾ വിലയെന്നും ധനമന്ത്രി വിമര്‍ശിച്ചു.

ഇന്ധന വില വർധനവ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽക്കുകയായിരുന്നു. ഷാഫി പറമ്പിൽ എം.എൽ.എയാണ് സഭയില്‍ നോട്ടീസ് നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

02-Nov-2021