സുരക്ഷിതമായ ഭവനം നല്‍കുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരവും പദ്ധതിയിലൂടെ ഉറപ്പു വരുത്തും
അഡ്മിൻ
തിരുവനന്തപുരം : കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമായ ഭവനം നല്‍കുന്നതോടൊപ്പം ഭവനത്തിന്റെ ഉടമസ്ഥാവകാശവും സ്ത്രീകള്‍ക്ക് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള 111835 ഗുണഭോക്താക്കളില്‍ 87753 പേര് സ്ത്രീകളാണ്. ഭവനത്തിന്റെ ഉടമസ്ഥത സ്ത്രീകളുടെ പേരില്‍ നല്കാന് കഴിയാത്ത പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുടമസ്ഥതയിലോ പുരുഷന്റെ പേരിലോ ഉടമസ്ഥത നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 70463 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്ക് നല്‍കുന്നതിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കുടുംബശ്രീ കാഴ്ചവയ്ക്കുന്നത്. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ നഗരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 31 വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ മുഖേന പദ്ധതിയില്‍ ഉള്‍പ്പെട്ട 52 വീടുകളുടെ നിര്‍മാണം പൂര്ത്തീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
ഗുണഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഭവനം നല്‍കുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരവും പദ്ധതിയിലൂടെ ഉറപ്പു വരുത്തും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന-പദ്ധതിയുമായുള്ള സംയോജനത്തിലൂടെ 7490 കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഗ്യാസ് കണക്ഷനും 17603 കുടുംബങ്ങള്‍ക്ക് സൗജന്യമായി എല്‍.ഇ.ഡി വിളക്കുകളും അനുവദിച്ചു കഴിഞ്ഞു. ഇതിന് പുറമെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്നുകൊണ്ട് ഓരോ ഗുണഭോക്തൃ കുടുംബത്തിനും 90 അധിക തൊഴില്‍ദിനങ്ങളും അതിലൂടെ 26190 രൂപയുടെ അധിക സാമ്പത്തിക സഹായവും ലഭ്യമാക്കാനുമായി. ആകെ 70 കോടി രൂപയുടെ സഹായമാണ് ഈയിനത്തില്‍ ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി ഗുണഭോക്താക്കളില്‍ 95 ശതമാനം പേരും കുടുംബശ്രീ അംഗങ്ങളാണ്. ബാക്കിയുള്ള അഞ്ച് ശതമാനം പേരെ കൂടി കുടുംബശ്രീയില്‍ അംഗങ്ങളാക്കുന്നതിനുളള കാര്യങ്ങള്‍ നടന്നു വരികയാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.