രാജ്യത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി

രാജ്യത്ത് മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 14 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞദിവസം പുറത്തുവന്നു. ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 8, ബി.ജെ.പിക്ക് 7, തൃണമൂൽ കോൺഗ്രസിന് 4, ജെ.ഡി.യുവിനും എൻ.പി.പിക്കും 2 സീറ്റ് വീതവും ലഭിച്ചു. വൈ.എസ്.ആർ കോൺഗ്രസ്, ഐ.എൻ.എൽ.ഡി, എം.എൽ.എഫ്, യു.ഡി.പി, എൻ.ഡി.പി.പി, ടി.ആർ.എസ് എന്നീ പാർട്ടികൾക്ക് ഒരു സീറ്റ് വീതമാണ് കിട്ടിയത്. ലോക്സഭാ സീറ്റിന്റെ കാര്യത്തിലാണെങ്കിൽ ഓരോ സീറ്റ് വീതം കോൺഗ്രസും ബി.ജെ.പിയും ശിവസേനയും നേടി. ഹിമാചൽപ്രദേശിലെ മണ്ഡി മണ്ഡലം ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിന് പിടിച്ചെടുക്കാൻ കഴിഞ്ഞത് തന്നെ വലിയ നേട്ടമാണ്.

ഹരിയാനയിലും കർണാടകയിലും പശ്ചിമബംഗാളിലും ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു ഫലത്തിൽ. കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ ജില്ലയായ ഹാവേരിയിലെ ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലം ബി.ജെ.പിക്ക് കൈവിട്ടുപോയി. ബി.ജെ.പി ഭരിക്കുന്ന ഹിമാചൽപ്രദേശിൽ കോൺഗ്രസിന് മണ്ഡി മണ്ഡലം പിടിച്ചെടുക്കാൻ കഴിഞ്ഞത് ചെറുതല്ലാത്ത നേട്ടമാണ്. 2019ൽ ബി.ജെ.പി മണ്ഡിയിൽ നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.

കർഷക പ്രതിഷേധം ബി.ജെ.പിയുടെ തോൽവിക്ക് വലിയ കാരണമായി എന്നതിന്റെ ഉദാഹരണമാണ് ഹരിയാനയിൽ പാർട്ടിക്കേറ്റ തോൽവി. കർഷക സമരം വളരെ ശക്തമായി തുടരുന്ന ഹരിയാനയിലെ എലനാബാദിൽ ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവ് അഭയ് ചൗട്ടാലയാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി ഗോബിന്ദ് കണ്ഡയെ 6708 വോട്ടിനാണ് അദ്ദേഹം തോൽപ്പിച്ചത്.

ബംഗാളിൽ ബി.ജെ.പിക്ക് പൂർണ പരാജയമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ടിറങ്ങിയാണ് ബംഗാളിലെ തന്ത്രങ്ങൾ മെനയുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസിന് മുന്നിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാനത്തെ ഫലം. മത്സരം നടന്ന നാല് സീറ്റുകളിലും തൃണമൂൽ വിജയിച്ചു. ബി.ജെ.പിക്കാണെങ്കിൽ മൂന്നിടങ്ങളിൽ കെട്ടിവെച്ച പണം പോലും തിരികെ ലഭിച്ചില്ല. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ ഫലം ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നത്.

03-Nov-2021