ബിജെപി അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രൻ സ്വയം മാറിനിൽക്കണം: പിപി മുകുന്ദൻ
അഡ്മിൻ
കേരളത്തിൽ ബി.ജെ.പി പാർട്ടി വലിയ പ്രതിസന്ധി നേരിടുന്നെന്ന് മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ പി.പി. മുകുന്ദൻ. മാതൃഭൂമി ഡോട്‌കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് തോൽവിയോടെ തന്നെ അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രൻ സ്വയം മാറിനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കളുടെ തമ്മിലടിയിൽ പ്രവർത്തകർക്ക് മനംമടുത്ത് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരനെതിരേയും മുകുന്ദന്റെ വിമർശനമുണ്ട്. 'മുരളീധരൻ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണം എന്ന് ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയാൻ കഴിയുക കേരളത്തിലെ ജനങ്ങൾക്കെന്നല്ല പാർട്ടി പ്രവർത്തകർക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല,' മുകുന്ദൻ പറഞ്ഞു. നേരത്തെ ബി.ജെ.പി യുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പ്രവർത്തകരുടെ വികാരം അറിയാത്തവരാണ് ഇപ്പോഴത്തെ നേതാക്കളെന്നും മുകുന്ദൻ പറഞ്ഞിരുന്നു.
ആവേശം കൊണ്ടു മാത്രം പാർട്ടി വളർത്താൻ കഴിയില്ലെന്നും മുകുന്ദൻ തുറന്നടിച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇടപെടൽ എത്ര വൈകുന്നുവോ അത്രയും ആഘാതം വർധിക്കുമെന്ന് അദ്ദേഹം കത്തിൽ ചൂണ്ടികാട്ടി.