ഹരിത നേതാക്കളുടെ പരാതി; എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം
അഡ്മിൻ
മുൻ ഹരിത നേതാക്കളുടെ ലൈംഗികാധിക്ഷേപ പരാതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത സബ് കമ്മിറ്റി അംഗങ്ങളായ പെൺകുട്ടികളുടെ പരാതിയിൽ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ പ്രതിയാക്കിയാണ് കോഴിക്കോട് വെള്ളയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. സാക്ഷിപ്പട്ടികയിൽ 18 പേരുണ്ട്.
സ്ത്രീകൾക്കെതിരേ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുക (354എ(1)(4), സ്ത്രീത്വത്തെ അപമാനിക്കുക (509 ഐ.പി.സി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. എം.എസ്.എഫ്. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബിനെതിരേ കേസെടുത്തിരുന്നുവെങ്കിലും കുറ്റപത്രത്തിൽ പേരില്ല.
ജൂൺ 22-ന് കോഴിക്കോട് എം.എസ്.എഫ്. സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായത്. എം.എസ്.എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ചെന്നും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും ഹരിത നേതാക്കൾ ആരോപിച്ചിരുന്നു. നേതൃത്വത്തിനെതിരേ രംഗത്തുവന്ന ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലിംലീഗ് മരവിപ്പിച്ചത് വിവാദമായിരുന്നു.