പെട്രോളിനും ഡീസലിനും സംസ്ഥാന നികുതി കുറയ്‌ക്കേണ്ടെന്ന് സി.പി.എം
അഡ്മിൻ
കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും സംസ്ഥാന നികുതി കുറയ്‌ക്കേണ്ടെന്ന് സി.പി.എം. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ഇതുവരെ കേരള സർക്കാർ ഇന്ധനത്തിന് മുകളിലെ സംസ്ഥാന വാറ്റ് കൂട്ടിയിട്ടില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം.
സി.പി.ഐ.എം സംസ്ഥാന സമിതിയുടെ ഇന്ന് ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാനും സംസ്ഥാന നിലപാട് ജനത്തെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി. കേന്ദ്ര തീരുമാനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ വില കുറച്ചിരുന്നു.
എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ലെന്ന ന്യായമാണ് സി.പി.ഐ.എം മുന്നോട്ടുവെക്കുന്നത്. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കുറയ്ക്കാനാവില്ലെന്നുമാണ് ധനമന്ത്രി കെ. ബാലഗോപാൽ പറഞ്ഞത്.