ജോജു ജോർജുമായുള്ള കേസുകൾ ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച് കോണ്‍ഗ്രസ്

കൊച്ചിയിൽ കഴിഞ്ഞ ദിവസം ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജുമായി ബന്ധപ്പെട്ടുണ്ടായ കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച് കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ മുന്‍കൈയെടുക്കുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചത്, കേസുകള്‍ പിന്‍വലിക്കുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാർ അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ജോജുവിന്റെ കാർ ആക്രമിച്ചതിന് കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

04-Nov-2021